vineetha venugopal

Ex-techie | Social science researcher
Neurodivergent | Fanfiction addict
Jottings on topics close to my heart

adivasi women anti alocohol strike

നമ്മള്‍ കാണാതെ പോയ അട്ടപ്പാടിയിലെ തായ്കുല സംഘത്തിന്റെ പോരാട്ടം

മണ്ണൂക്കാരൻ, കുറുതല, വണ്ടാരി..ഈ വാക്കുകൾ മലയാളിക്ക് പരിചിതമാകണമെന്നില്ല. എന്നാൽ ഒരു ഇരുപത് കൊല്ലം മുമ്പ് വരേയും അട്ടപ്പാടിയിൽ സജീവമായി നിലനിന്നിരുന്ന, ഇപ്പോൾ നാമാവശേഷമായ ആദിവാസി സ്വയംഭരണ വ്യവസ്ഥയുടെ കാതലായ ഭാഗങ്ങളാണിവർ. ഊരിന്റെ മൊത്തത്തിലുള്ള മേൽനോട്ടം മൂപ്പൻ വഹിച്ചപ്പോൾ, മൂപ്പനെ നീതിന്യായ നിർവഹണത്തിലും ദൈനംദിനപ്രവർത്തനങ്ങളിലും ‘കുറുതല’ സഹായിച്ചു. ഖജനാവിന്റെ ചുമതലയുള്ള ആൾ ‘വണ്ടാരി’ എന്നറിയപ്പെട്ടു. ‘മണ്ണൂക്കാരൻ’ ആദ്യത്തെ വിളക്ക് വിത്തു വിതക്കുന്നത് തുടങ്ങിയുള്ള കൃഷിയുടെ മേല്‍നോട്ടം നടത്തി.

പാലക്കാട് ജില്ല ആസ്ഥാനത്തു നിന്നും ഏതാണ്ട് എഴുപത് കിലോമീറ്ററോളം ദൂരെ കിടക്കുന്ന അട്ടപ്പാടി ഒരു കാലത്ത് സമൃദ്ധിയുടെ നാടായിരുന്നു. ചോളം, തിന, റാഗി, തൊമര, കടുക്, കൊത്തുമല്ലി, ചാമ, അമര ഇതൊക്കെ അവർ സ്വന്തമായി ഉണ്ടാക്കിയിരുന്നു. ഉപ്പ് മാത്രമേ പുറത്ത് നിന്നും വാങ്ങിച്ചിട്ടുള്ളൂ , എന്നാണ് അറുപത്തിയഞ്ചു കഴിഞ്ഞ കാളി പഴയ കാലത്തെ കുറിച്ച് ഓർമ്മിക്കുന്നത്.

അട്ടപ്പാടിയിൽ മാറ്റം വന്നത് പല വഴികളിലൂടെയാണ്. അവിടേക്ക് വൻതോതിൽ കുടിയേറിയ തമിഴ്, മലയാളി കുടിയേറ്റക്കാർ ആദിവാസികളുടെ ഉദാരമനസ്കതയേയും വസ്തു വ്യവഹാരങ്ങളിലെ അവരുടെ പരിചയക്കുറവിനേയും ചൂഷണം ചെയ്തു വളക്കൂറുള്ള നല്ല മണ്ണ് തുച്ഛമായ വിലയ്ക്ക് സ്വന്തമാക്കി. പുറത്തു നിന്നും വന്ന ആൾക്കാർ കരാറെടുത്ത് മരങ്ങൾ വൻതോതിൽ വെട്ടിനശിപ്പിച്ചതോടെ പരിസര പ്രദേശമായ സൈലന്‍റ് വാലിയോളം നിബിഡ വനമുണ്ടായിരുന്ന അട്ടപ്പാടി മൊട്ടക്കുന്നായി മാറി. ഇതോടെ പരിസ്ഥിതി മാറി, ചൂട് കൂടി, മഴ കുറഞ്ഞു, വന്യമൃഗങ്ങൾ വെള്ളവും തീറ്റയും കിട്ടാതെ നാട്ടിലേക്കിറങ്ങി വിള നശിപ്പിച്ചു. ആനയും പന്നിയും മാനും മയിലും ഒക്കെ ഇറങ്ങി കൃഷി നശിപ്പിക്കുന്നത് കാരണം ഇപ്പോൾ കൃഷി നഷ്ടമാണെന്നാണ് കർഷകർ പറയുന്നത്. കർക്കശമായ വന്യ മൃഗ സംരക്ഷണ നിയമങ്ങൾ പന്നിയെയും മാനിനേയും വേട്ടയാടി അവ ധാന്യസമൃദ്ധമായ ഭക്ഷണത്തോടൊപ്പം കഴിച്ചു കൊണ്ടിരുന്ന ആദിവാസികളുടെ പോഷകാഹാര ലഭ്യതയെ പ്രതികൂലമായി ബാധിച്ചു.

അട്ടപ്പാടിയിൽ വന്ന വികസന പദ്ധതികളിൽ പലതും ആദിവാസികൾക്ക് വേണ്ടതെന്താണെന്നു ചോദിക്കാതെ മുഖ്യധാരാ സമൂഹത്തിൻറെ വികസന പദ്ധതികൾ അവരിൽ അടിച്ചേൽപ്പിക്കുകയായിരുന്നു. അഴിമതിയും അട്ടപ്പാടിയിലെ ജോലി ഒരു ശിക്ഷയായി പരിഗണിച്ചിരുന്ന ഉദ്യോഗസ്ഥരുടെ ഉദാസീനതയും കാരണം ഇത്തരം പദ്ധതിയുടെ ഗുണങ്ങൾ ആദിവാസികളേക്കാളും കുടിയേറ്റക്കാർക്കാണ് ലഭ്യമായത്. സർക്കാരിന്റെ ദിവസക്കൂലി പദ്ധതികളിലേക്ക് ആദിവാസികൾ തിരിഞ്ഞതോടെ കൃഷി കുറഞ്ഞു തുടങ്ങി. വളക്കൂറുള്ള കൃഷി ഭൂമി അപ്പോഴേക്കും അന്യധീനപ്പെട്ടുപോയതും കാലാവസ്ഥ വ്യതിയാനം കാരണമുള്ള ജലദൗർലഭ്യവും കൃഷിയോടുള്ള വിമുഖത കൂടാൻ കാരണമായി.

ആഘോഷാവസരങ്ങളിൽ മാത്രം സ്വന്തമായി വാറ്റി കുടിച്ചിരുന്ന ആദിവാസികളുടെ ഇടയിലേക്ക് സ്പിരിറ്റും മറ്റും ചേർത്തുള്ള കള്ളവാറ്റും പുറം ലോകത്തു നിന്നുള്ളവർ അവതരിപ്പിച്ചു. വേട്ടയാടി കിട്ടിയ മൃഗത്തെ പാചകം ചെയ്ത് ഊരു മൊത്തം കഴിക്കുമ്പോൾ ക്ഷീണം മാറ്റാൻ വേട്ടക്കാർ മരത്തിന്റെ തൊലി മാത്രം ചേർത്ത് വാറ്റിയതായിരുന്നു പഴയ വാറ്റ്. ‘അത് കുടിച്ചിട്ട് ആരും ചത്തു പോയിട്ടില്ല. കാര്യമായി പ്രശ്നമുണ്ടാക്കിയിട്ടുമില്ല’ എന്നാണ് പഴമക്കാർ പറയുന്നത്. കേന്ദ്ര, സംസ്ഥാന ഭരണകൂടങ്ങളുടെ വികസന പദ്ധതികളിലൂടെ ആദിവാസികളുടെ കൈയിൽ കുറച്ചെങ്കിലും പണം എത്തിയെങ്കിലും ഒപ്പത്തിനൊപ്പം പര്യാപ്തമായ മാനവശേഷി വികസനം നടത്താത്തിനാൽ ആ പണം അവരുടെ വീടുകൾക്ക് പകരം മദ്യശാലകളിലേക്കാണ് ഒഴുകിയത്.

മദ്യാസക്തി പുരുഷരിൽ വര്‍ദ്ധിച്ചതോടെ ആദിവാസികളുടെ സാമൂഹ്യജീവിതം താറുമാറായി. മദ്യലഹരിയിൽ ഭർത്താക്കന്മാർ ഗാർഹികപീഡനം നടത്തുന്നത് പതിവായപ്പോൾ അത് കുട്ടികളുടെ പഠനത്തെ പ്രതികൂലമായി ബാധിച്ചു. ചിലയിടങ്ങളിൽ സ്ത്രീകളും ഈ വാറ്റുചാരായം കുടിക്കാൻ തുടങ്ങി. മദ്യത്തിനു അടിമപ്പെട്ട ആൾക്കാർ കൃഷിയെ അവഗണിച്ചത് പോഷകാഹാര ദൌർലഭ്യം രൂക്ഷമാക്കി. അമിത മദ്യപാനം കാരണം പലർക്കും ജോലി നഷ്ടപ്പെട്ടു.

2002ൽ തന്നെ അട്ടപ്പാടിയിലെ സ്ത്രീകൾ മുൻകൈയെടുത്ത് അട്ടപ്പാടി മദ്യനിരോധന മേഖലയാക്കി പ്രഖ്യാപിക്കാൻ ഡോ: എ.പി.ജെ. അബ്ദുൾ കലാമിന് നിവേദനം നല്കിയിരുന്നു. പക്ഷേ ഇതോടെ മദ്യപാനികൾ കേരള തമിഴ്നാട് അതിർത്തിയിലെ ആനക്കട്ടിയിൽ പ്രവർത്തിക്കുന്ന, തമിഴ്നാട് സർക്കാരിന്റെ ഉടമസ്ഥതയിലുള്ള ടാസ്മാക് ബാറിലേക്ക് പോകാൻ തുടങ്ങി.

കഴിഞ്ഞ രണ്ട് വർഷത്തിനുള്ളിൽ നൂറ്റിപ്പതിനാറിലധികം ആദിവാസികളാണ് അട്ടപ്പാടിയിൽ മദ്യപാനം കാരണം മരണപ്പെട്ടത്. ആനക്കട്ടിയിൽ നിന്നും പുറപ്പെടുന്ന ബസ്സുകളിൽ മദ്യപിച്ച് ബോധമില്ലാത്ത പുരുഷന്മാർ ഒരു സ്ഥിരം കാഴ്ചയായിരുന്നു. ഇവരിൽ പലരും സഹയാത്രക്കാരോടോ, ബസ്സ് ജീവനക്കാരോടോ വഴക്കുണ്ടാക്കി ബസ്സിൽ നിന്നും ഇറക്കി വിടപ്പെട്ട് വഴിയിൽ വീണു കിടന്നു, വെള്ളം കിട്ടാതെയോ വാഹനം തട്ടിയോ മരിച്ചു.

ഇത്തരത്തിൽ മദ്യപാനം ഒരു സമൂഹത്തിൻറെ നാശത്തിലേക്ക് വഴി തെളിച്ചു കൊണ്ടിരുന്ന സാഹചര്യത്തിലാണ് തായ്കുല സംഘത്തിന്റെ നേതൃത്വത്തിൽ ആദിവാസി സ്ത്രീകൾ ആനക്കട്ടി ബാറിനെതിരെ സമരത്തിനിറങ്ങിയത്. മൂന്ന് മാസം തുടർച്ചയായി അവർ ഉപരോധമടക്കമുള്ള സമര മുറകളിൽ ഏർപ്പെട്ടു.

2016 ഫെബ്രുവരി 17-നാണ് സമരം ഔദ്യോഗികമായി തുടങ്ങിയത്. ഫെബ്രുവരി ഇരുപത്തി ഒന്‍പതോടെ ബാർ അടച്ചു പൂട്ടണമെന്നായിരുന്നു ആവശ്യം. അത് അധികാരികൾ ചെവി കൊള്ളാതെ വന്നപ്പോൾ സ്ത്രീകൾ ആനക്കട്ടിയിലും മുക്കാലിയിലും വഴി തടഞ്ഞു. മാർച്ച് 4 മുതൽ ഒരു മാസം മുതിർന്ന സ്ത്രീകളുടെ നേതൃത്വത്തിൽ ആനക്കട്ടി കവലയിൽ നിരാഹാരസമരവും നടത്തി. എന്നിട്ടും ഒരു ഫലവും കാണാതെ വന്നപ്പോൾ ഏപ്രിൽ 4 ന് സമരക്കാർ ആനക്കട്ടിയിൽ റോഡ് ഉപരോധിച്ചു. മാത്രമല്ല, ഏപ്രിൽ 7 ന് അവർ ഊരുകളിൽ കള്ളവാറ്റു പിടിക്കാനും പോയി. ഇതിനിടയിൽ സമര സമിതി കൂടി ചർച്ച നടത്തി പാലക്കാട് കളക്ടറെ പോയി കണ്ടു. തിരഞ്ഞെടുപ്പ് കാരണം പെട്ടെന്ന് നടപടിയെടുക്കുന്നതിന് ബുദ്ധിമുട്ടുണ്ടെന്ന മറുപടിയാണ് അദ്ദേഹത്തിൽ നിന്നും ലഭിച്ചത് .

‘സാവ കൂകിനാ വെടിക്കും ; പെട്ടക്കോളി കൂകിനാ വെടിയാത്’ (പൂവൻ കോഴി കൂകിയാൽ നേരം വെളുക്കും; പിടക്കോഴി കൂകിയാൽ വെളുക്കില്ല) സമരത്തിൽ പങ്കെടുത്ത സ്ത്രീകളെ പുച്ഛിക്കാൻ നാട്ടുകാർ ഉപയോഗിച്ച ഒരു പഴഞ്ചൊല്ലാണിത്. ഇത്തരത്തിലുള്ള പരിഹാസങ്ങൾ സമരക്കാരുടെ വീറും വാശിയും വര്‍ദ്ധിപ്പിച്ചതേ ഉള്ളൂ. ഒടുവിൽ ഏപ്രിൽ 11 ന് തായ്ക്കുല സംഘം ഹർത്താൽ പ്രഖ്യാപിച്ചു.

അട്ടപ്പാടിയിലെ ആദിവാസി സ്ത്രീകളിൽ നല്ലൊരു പങ്കും ഈ ഹർത്താലിൽ പങ്കെടുത്തു. ആനക്കട്ടി കവല നിറഞ്ഞു കവിഞ്ഞു. ബ്ലോക്ക് പഞ്ചായത്തിൻെറ പല ഭാഗങ്ങളിലും വണ്ടി തടഞ്ഞും കടകൾ അടപ്പിച്ചും അവർ ഹർത്താൽ വിജയിപ്പിച്ചു. പിഞ്ചുകുഞ്ഞുങ്ങളെയും എടുത്താണ് പല അമ്മമാരും സമരം ചെയ്തത്. അഗളിയിൽ 45 പേരും ഷോളയൂരിൽ 23 പേരും അറസ്റ്റ് ചെയ്യപ്പെട്ടു.

‘അറസ്റ്റ് ചെയ്താൽ പി എസ് സി പണി കിട്ടൂല; സർക്കാർ ജോലി കിട്ടൂല എന്നൊക്കെ പോലീസുകാർ ഞങ്ങളോട് പറഞ്ഞു. അറസ്റ്റ് ചെയ്ത് പാലക്കാട് കൊണ്ട് പോകും എന്നും പറഞ്ഞു. ഞങ്ങളുടെ തലമുറക്ക് വേണ്ടിയാണ് സമരം നടത്തുന്നെതെന്നും വിജയിച്ചിട്ടേ പിൻമാറൂ എന്ന് ഞങ്ങൾ തിരിച്ചും പറഞ്ഞു’, സമരത്തിൽ കൈക്കുഞ്ഞിനെയും എടുത്ത് പങ്കെടുത്ത ഒരമ്മ പറയുന്നു.

‘തട്ടിപ്പൊളിക്കും ; തട്ടിപ്പൊളിക്കും
ആനക്കട്ടി ബാർ തട്ടിപ്പൊളിക്കും
ഒയമാട്ടേ ഒയമാട്ടേ
ടാസ്മാകേ മൂടും വരെ’

ഒടുവിൽ സമരം വിജയം കണ്ടു. തമിഴ്നാട് കലക്ടർ ഇടപെട്ട് ആനക്കട്ടി ബാർ പൂട്ടി സീൽ ചെയ്തു.

അട്ടപ്പാടിയിൽ നിന്നും ഒരു ദിവസം ഏതാണ്ട് 16 ലക്ഷത്തോളം രൂപയാണ് ആനക്കട്ടിയിലേക്ക് ഒഴുകി കൊണ്ടിരുന്നത്. ഈ വരുമാനം നിലച്ചതോടെ ആനക്കട്ടി ബാർ പൂട്ടിയതിനെതിരെ പരിസരത്തുള്ള കടക്കാർ പ്രതിഷേധം നടത്തി. സ്ത്രീകളടക്കമുള്ള പ്രതിഷേധക്കാർ കോഴിക്കോട്-കോയമ്പത്തൂർ റോഡ് ഉപരോധിച്ചു.

എന്നാൽ ഇതിലൊന്നും തന്നെ തായ് കുല സമരക്കാർക്ക് കുലുങ്ങിയില്ല. സമരം വിജയിച്ചതിനെ തുടർന്ന് തികഞ്ഞ ആവേശത്തിലാണ് ഇവർ. പെണ്ണുങ്ങൾ വിചാരിച്ചാൽ ഒന്നും നടക്കില്ലെന്നും ആദിവാസികൾ ഒന്നിനും കൊള്ളില്ലെന്നും പറഞ്ഞു പുച്ഛിച്ചവർ ഇപ്പോൾ സമരനായികമാരെ ബഹുമാനത്തോടെയാണ് കാണുന്നത്. ആവശ്യമെങ്കിൽ ഇനിയും സമരം നടത്താൻ ഇവർ തയ്യാറാണ്. കൂടാതെ ഊരുകൾ കയറിയിറങ്ങി മദ്യത്തിനും മറ്റു ലഹരി വസ്തുക്കൾക്കെതിരെയും ബോധവൽക്കരണം നടത്തുന്നുണ്ട്. അതു പോലെ സ്ത്രീകൾ വൈകുന്നേരങ്ങളിൽ സംഘം ചേർന്ന് കള്ളവാറ്റ് പിടിക്കാൻ ഇറങ്ങുന്നുണ്ട്.

അട്ടപ്പാടിയിൽ 2013ൽ പോഷകാഹാരക്കുറവ് കാരണം നടന്ന ശിശുമരണങ്ങൾ സംസ്ഥാനതലത്തിലും ദേശീയ, അന്തർദേശീയതലത്തിലും മാധ്യമശ്രദ്ധ ആകർഷിച്ചിരുന്നു. എന്നാൽ ആദിവാസി സ്ത്രീകൾ മുന്നിൽ നിന്ന് വിജയിപ്പിച്ച ആനക്കട്ടി സമരത്തിന് മുഖ്യധാരാ മാധ്യമങ്ങൾ അർഹിക്കുന്ന പ്രാധാന്യം നൽകിയില്ല എന്നുള്ളത് ദുഃഖകരമാണ്.

സമൂഹ നന്മക്കായി ഒരുമ്പെട്ടിറങ്ങിയ ഈ സ്ത്രീകളുടെ കൈയിലാണ് ഇന്ന് അട്ടപ്പാടിയുടെ ഭാവി. ഉപജീവനമാർഗങ്ങൾ പുനരുജ്ജീവിപ്പിക്കാനും തങ്ങളുടെ അവകാശങ്ങൾ നേടിയെടുക്കാനും ഇവരിലൂടെ ആദിവാസി സമൂഹത്തിന് കഴിയുമെന്ന് പ്രത്യാശിക്കാം. ദീർഘകാലത്തെ കാത്തിരിപ്പിനൊടുവിൽ പെസ (പഞ്ചായത്ത് എക്സ്റ്റെൻഷൻ ടു ഷെഡ്യൂൾഡ് ഏരിയാസ് ) കേരളത്തിൽ നടപ്പിലാകാൻ പോവുകയാണ് എന്നുള്ളതും ഈ പ്രതീക്ഷക്ക് ബലം നൽകുന്നു.

This article was first published in Azhimukham.com – https://www.azhimukham.com/attappady-women-thaykuam-struggle-against-liquor-shop-vineetha-venugoapal/


Posted

in

, ,

by

Comments

Leave a Reply

Your email address will not be published. Required fields are marked *